Pages

Tuesday, November 8, 2011

വരുന്നോ, നീ എന്റെ കൂടെ

വരുന്നോ, നീ എന്റെ കൂടെ?
വരും, എന്ന പ്രതീക്ഷയില്ല
വരാതിരുന്നാലോ, എന്ന ഭയവുമില്ല

"എന്റെ ഹൃദയമിടിപ്പില്‍ നീ ജീവിക്കും
എന്റെ ശ്വാസത്തില്‍ നീ ശ്വസിക്കും
എന്റെ ആഹാരത്തില്‍ നിന്നും നീ കഴിക്കും
എന്റെ ഉറക്കത്തിന്റെ പാതി നീ ഉറങ്ങും"
എല്ലാം നിന്റെ വാക്കുകള്‍...

ഞാനും ആഗ്രഹിച്ചു, അതെല്ലാം
വിധി, പുതിയ സ്ഥലത്ത് പുതിയ ജീവിതവുമായി നീ
ഞാനും പോകുന്നു, ദൂരെയുള്ള ആ സ്ഥലത്തേക്ക്

ഒരു നാള്‍ നീയും വരും
കാത്തിരിക്കുന്നു, പ്രതീക്ഷയില്ലാത്ത ഒരു കാത്തിരിപ്പ്‌...

മലബാറിലെ യുവതികള്‍

ദീപാവലി, കന്നട രജ്യോല്‍സവ്, ശനി, ഞായര്‍ - എല്ലാം ഒരുമിച്ചു കിട്ടിയപ്പോള്‍ നാട്ടിലേക്ക് വണ്ടി കയറാന്‍ തീരുമാനിച്ചു. പക്ഷെ രാത്രി ബസ്, ട്രെയിന്‍ ഒന്നിലും ടിക്കറ്റ്‌ ഇല്ല. അങ്ങനെ പകല്‍ മൈസൂര്‍ വഴി പോകാന്‍ തീരുമാനിച്ചു.

BMTC യില്‍ പുലര്‍ച്ചെ 5 മണിക്ക് മജെസ്റ്റിക് എത്തി. ഉടനെ രാജഹംസ യില്‍ കയറി, എക്സ്പ്രസ്സ്‌ ഹൈവേ യിലൂടെ ബസ്‌ മുന്നോട്ടു കുതിച്ചു. വിന്‍ഡോ അടച്ചിട്ടും ഉള്ളിലേക്ക് തണുപ്പടിക്കുന്നു, അഴിച്ചു വെച്ച ജാക്കറ്റ് വീണ്ടും അണിഞ്ഞു.

ബാംഗ്ലൂരിലെ അത്ര തണുപ്പില്ല ഇവിടെ എന്ന് തോനുന്നു, മൈസൂരില്‍ എത്തിയാല്‍ പിന്നെ പത്താം ക്ലാസ്സിലെ ഹിസ്റ്ററി ബുക്ക്‌ വായിക്കുന്ന ഒരു പ്രതീതി തോന്നും. മൈസൂര്‍ ചരിത്രം അയവിറക്കി കൊണ്ടിരിക്കുമ്പോയാണ് തിരക്കിനിടയില്‍ ഒരു പരിജയമുള്ള മുഖം കണ്ണില്‍ കുടുങ്ങിയത്.
"അത് സെമീനയല്ലേ? അതെ, അവള്‍ തന്നെ!"

അഞ്ച് മുതല്‍ എട്ട് വരെ എന്റെ കൂടെ പഠിച്ച വെളുത്ത വട്ടമുഖമുള്ള സുന്ദരികുട്ടി. എന്നെ കണ്ടതും അവള്‍ കൂടെയുള്ള ഒരു തടിയന്റെ മറവിലേക്ക് നിന്നു. കുറ്റി താടി വെച്ച ഒരു ആജാനബഹു. അയാളുടെ മറവില്‍ നിന്നും അവള്‍ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകള്‍ നിറയുന്നത് കണ്ടു. പിന്നെ ഞാന്‍ അവളെ നോക്കിയില്ല. മനസ്സില്‍ ഒരുപാട് ചോദ്യങ്ങളുമായി പ്ലാറ്റ്ഫോംമിലേക്ക് നടന്നു.

വീരപ്പന്റെ കാടിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ മനസ്സനുവദിച്ചില്ല. മനസ്സപ്പോള്‍ അഞ്ചാം ക്ലാസ്സിലായിരുന്നു. കൂട്ടുകാര്‍കിടയില്‍ അല്പം വിരവും, അഭിമാനവും കൂടുതലാണ് എനിക്ക്, എന്ന അഹങ്കാരത്തോടെ നടന്നിരുന്ന കാലം.

എതിര്‍വശത്തെ ബെഞ്ചിലിരിക്കുന്ന പെണ്‍കുട്ടിയുടെ കളി എനികത്ര പിടിച്ചില്ല, ഞാന്‍ എന്ത് ചെയ്താലും അവളും  അതുപോലെ ചെയ്യുന്നു. ഞാന്‍ നഖം കടിച്ചാല്‍ അവളും കടിക്കും, ബെഞ്ചില്‍ കൈ വെച്ച് കിടന്നാല്‍ അവളും കിടന്നു എന്നെ തന്നെ നോക്കിനില്‍ക്കും. ആദ്യം എനികത്ര പിടിച്ചില്ല എങ്കിലും, പിന്നെ പിന്നെ അതിലോരാനന്ദം എനിക്കും തോന്നി തുടങ്ങി.

ഒരു ദിവസം ബുക്കില്‍ നിന്നും പേജ് പറിച്ച് അതില്‍ എന്തോ എഴുതുകയും എന്നെ നോക്കി ചിരിക്കുകയും ചെയ്തു. ഒന്നാം നിലയില്‍ നിന്നും ക്ലാസ്സ്‌ കഴിഞ്ഞു കോണി പടിയിറങ്ങുമ്പോള്‍ അവള്‍ എന്നെയും കാത്ത് താഴെ നില്‍ക്കുന്നു.
എന്റെ നേരെ കൈനീട്ടി അവള്‍ പറഞ്ഞു "ന്നാ..."
അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു, നാണിച്ചു തലകുനിച്ച്, ഒരേ സമയം നാണവും പേടിയും അവളുടെ മുഖത്ത് ഞാന്‍ കണ്ടു.
"നിന്റെ തന്തക്ക്‌ പോയി കൊടുക്ക്‌" എന്ന ഡയലോഗ് കാച്ചി ഞാന്‍ തിരിഞ്ഞു നടന്നു.
എന്റെ 'അഞ്ച്' പൈസ വിലയുള്ള അഭിമാനം ഒരു പീക്കിരി പെണ്ണിന്റെ മുന്നില്‍ അടിയറവ് വെക്കണോ?

നടന്ന സംഭവം ഞാന്‍ തന്നെ എല്ലാവരെയും അറിയിച്ചു. അങ്ങനെ എന്റെ 'അഞ്ച്' പൈസ വിലയുള്ള അഭിമാനത്തിന്റെ വില 'പത്ത്' രൂപയായി ഉയര്‍ന്നു. 'ഹീറോ' എന്ന റാങ്കില്‍ നിന്നും കൂട്ടുകാര്‍ക്കിടയില്‍ ഞാന്‍ 'സൂപ്പര്‍ ഹീറോ' ആയി.

അവള്‍ എങ്ങനെ മൈസൂരില്‍? അതും ആ വലിയ മനുഷ്യന്റെ കൂടെ?

നാട്ടില്‍ എത്തി കൂട്ടുകാരില്‍ നിന്നും വിവരങ്ങള്‍ അറിഞ്ഞു. അവളുടെ ഉപ്പ ഒരു അപകടത്തില്‍  മരിച്ചു. മകളെ നല്ല രീതിയില്‍ കെട്ടിക്കണം എന്ന അയാളുടെ ആഗ്രഹം നടന്നില്ല. പിന്നെ കുറച്ചു    കാലം വീട്ടിലിരുന്നു. പല ആലോചനകളും വന്നെങ്കിലും ഒന്നും നടന്നില്ല. പിന്നെ പിന്നെ ഒന്നും വരാതെയായി. അവസാനം മൈസൂരില്‍ നിന്നും വന്ന ഈ കല്യാണത്തിന്നു അവള്‍ സമ്മതം മൂളി.. ഒരു ജീവിതം, ഒരാണിന്റെ തണല്‍, അത് അവളും ആഗ്രഹിച്ചിരുന്നു.
----------------------------------------------------------------------------------------------------
ബാംഗ്ലൂരില്‍ നിന്നും നാട്ടിലേക്ക് പോകുന്ന ബസ്സുകളില്‍, കുട്ടികളോട് മലയാളവും ഭര്‍ത്താവിനോട് ഉറുദുവും സംസാരിക്കുന്ന യുവതികളെ കാണാറുണ്ട്. തലയില്‍ മുല്ലപൂവും, മൂക്കില്‍ മുക്കുത്തിയും, കൈ നിറയെ മൈലാഞ്ചിയും, കരി വളകളും, കാലില്‍ വെള്ളി പാദസരവും, മിഞ്ചിയും അണിഞ്ഞ യുവതികള്‍. അവരുടെ പുറമേ കാണുന്ന ചിരിക്കുള്ളില്‍ ഒരു വലിയ സത്യമുണ്ട്, കണ്ണീരിന്റെ കഥകളുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കി.

"മലബാറിലെ 16-നും 26-നും ഇടയില്‍ പ്രായം വരുന്ന സെമീനമാര്‍ക്ക് പറയാനുള്ള കഥ, അവരുടെ ജീവിത കഥ."

നിന്നെ ഇഷ്ട്ടപ്പെടുന്നു...

ഞാന്‍ നിന്നെ ഒരുപാട് ഇഷ്ട്ടപ്പെടുന്നു. ആദ്യമായി നിന്നെ അറിഞ്ഞ ദിവസം, പിന്നെ എല്ലാം ഒരു ആവേശമായി മാറി.

വീട്ടില്‍ ആളില്ലാത്ത ദിവസങ്ങളിലും, ഉറക്കമില്ലാത്ത രാത്രികളിലും എനിക്ക് നിന്നെ ആശ്രയികേണ്ടി വന്നു. ഇടയ്ക്കു നിര്‍ത്തി വെച്ചിടത്ത് നിന്നും വീണ്ടും ഞാന്‍ തുടങ്ങി. നിന്നെ ഞാന്‍ വീണ്ടും തുറന്നു...

പുതിയ പുതിയ ഓരോ അറകളും തുറക്കുപ്പോഴും എന്റെ മനസ്സില്‍ ഭീതി പടര്‍ന്നു. നിന്റെ എല്ലാ എതിര്‍പ്പുകളെയും ഞാന്‍ മറികടന്നു. എന്റെ ശക്തിക്കു മുന്നില്‍ നീ തോല്‍വി സമ്മതിച്ചു.

കാണാത്ത പല കാഴ്ചകളും എന്റെ കണ്ണിനു കുളിര്‍മയേകി. എന്റെ പല നീക്കങ്ങളും വളരെ ശ്രദ്ധയോടെയായിരുന്നു. അവസാന വിജയത്തിന് വേണ്ടി ഞാന്‍ പോരാടി.

എന്റെ സര്‍വ്വശക്തിയുമുപയോഗിച്ചു, പൂര്‍വാതികം ആവേശത്തോടെ ഞാന്‍ അവസാനത്തെ സ്റ്റേജ് ലേക്ക് മെല്ലെ പ്രവേശിച്ചു. ഇനി എല്ലാം ശ്രദ്ധയോടെ....

ഈ ഒരു നിമിഷത്തിനു വേണ്ടി എത്ര നാളായി ഞാന്‍ കാത്തിരിക്കുന്നു. അവസാനം അതു സംഭവിച്ചിരിക്കുന്നു. പ്രകൃതിയുടെ നിശബ്ദത എന്നെ കൂടുതല്‍ ശക്തനാക്കി. ഈ ലോകത്തില്‍ ഞാനും നീയും മാത്രം.

ഈ അവസാന ഘട്ടത്തില്‍ എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ വിയര്‍ത്തു. തളര്‍ന്നവശനായ ഞാന്‍ വീണ്ടും മുന്നേറി, നിന്നെ പൂര്‍ണമായി കീഴ്പ്പെടുത്താതെ പിന്മാറാന്‍ എന്റെ മനസ്സനുവദിച്ചില്ല. നിന്നെ ഇഷ്ട്ടപ്പെട്ട അന്നുമുതല്‍ മനസ്സില്‍ ആഗ്രഹിച്ചതാണിത്. ഞാന്‍ വീണ്ടും മുന്നേറി...

അവസാനം അതു സംഭവിച്ചു, എതിരെ വന്ന ശത്രുവിന്റെ തോക്കിനു മുന്നില്‍ ഞാന്‍ മരിച്ചു വീണു.

മോണിറ്ററില്‍ വീണ്ടും "ഗെയിം ഓവര്‍" തെളിഞ്ഞു. "സ്റ്റാര്‍ട്ട്‌ ദ ഗെയിം എഗൈന്‍" ക്ലിക്ക് ചെയ്തു വീണ്ടും കളി തുടങ്ങി.